Saturday, 29 April 2017

സോഷ്യൽ അല്ലാതാകുന്ന സോഷ്യൽ മീഡിയ തട്ടകങ്ങൾ ...! / Social Allaathakunna Social Media Thattakangal ... !


അനേകായിരം പേർ  ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ ...
അതായത് അവനവന്റെ വിരൽ തുമ്പിലൂടെ അപ്പപ്പോൾ തന്നെ ലോകത്തിലുള്ള സകലമാന വിവര - വിജ്ഞാനങ്ങൾ അറിയുവാനും , വിളംബരം ചെയ്യുവാനും സാധിക്കുന്ന വിവര സങ്കേതിക വിനോദോപാധി തട്ടകങ്ങൾ ഇന്ന് മാനവ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാവാത്ത സംഗതി തന്നെയായി മാറിയിരിക്കുകയാണല്ലോ ഇപ്പോൾ ...

ഭൂലോകത്തുള്ള  ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച സോഷ്യൽ മീഡിയ എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ ...

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ഇത്തരം നവ മാധ്യമങ്ങൾ  ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!
അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ സോഷ്യൽ മീഡിയ പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!

 പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളൊ , വസ്തുതയൊ  , തന്റെ  തട്ടകത്തിലൊ  , മറ്റുള്ളവരുടെ വെബ് - തട്ടകങ്ങളിലൊ  കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് , ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കുവാൻ സാധിക്കുന്ന ഇടങ്ങളാണ് നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും ..!

അന്യന്റെ സുഖവും , ദു:ഖവും, സ്വകാര്യതയും വരെ മറ്റുള്ളവർ അങ്ങാടിപ്പാട്ടായി കൊണ്ടാടുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ ആഗോള പരമായി ഒരു വല്ലാത്ത ഒരു മാന്ദ്യം സംഭവിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്...!

കണ്ടതും കേട്ടതുമായ സകല സംഗതികളും വീണ്ടും, വീണ്ടും ,കണ്ടും, കേട്ടും ഇത്തരം വെബ് തട്ടകങ്ങളിൽ സ്ഥിരമായി അഭിരമിക്കുന്നവർക്ക് മടുപ്പായി തുടങ്ങിയതുകൊണ്ടുള്ള ഒരു മാന്ദ്യമാണിതെന്ന് പറയുന്നു ...

ഇപ്പോൾ ഒരാളുടെ വിവര സാങ്കേതിക വിദ്യ  വിനോദോപാധി തട്ടകത്തിലെ  / ഗ്രൂപ്പിലെ  വേണ്ടപ്പെട്ടവരുടെ /മറ്റൊരു മിത്രത്തിന്റെ ജന്മദിനമോ , വിവഹ വാർഷികമോ പോലും , മാറി മാറി വന്നുകൊണ്ടിരിരിക്കുമ്പോൾ മറ്റുള്ളവർക്ക്  ബാധ്യതയൊ ,അലോസരമോ ഉണ്ടാക്കുന്ന തരത്തിൽ ആയികൊണ്ടിരുക്കുന്ന പ്രവണതയൊക്കെ ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്...

എത്രയെത്ര മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മദ്യപാനത്തിലും പുകവലിയിലുമൊക്കെ ആനന്ദവും , ആമോദവും കണ്ടെത്തുന്ന പോലെ തന്നെയുള്ള ഒരു വസ്തുത തന്നെയാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ അടിമത്വം വരുന്ന പ്രവണതയും എന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

തന്റെ മുന്നിൽ പെയ്യുന്ന മഴയുടെ മണവും , താളവും അറിയാതെ , മഞ്ഞിന്റെ മനോഹാരിത കാണാതെ  , ചുറ്റുമുള്ള പൂക്കളുടെ ഭംഗികൾ ആസ്വദിക്കാതെ ,കടലിന്റെ ഇരമ്പം കേൾക്കാതെ പ്രകൃതിയെ തൊട്ടറിയാത്ത , ഒരു നീണ്ടയാത്രയിൽ  പോലും  തൊട്ടടുത്തിരിക്കുന്നവരോട് ഒന്നും മിണ്ടാതെ ഇയർ /  ഹെഡ് ഫോണുകളാൽ തലയാവണം നടത്തി ഇന്റർനെറ്റ് ലോകത്തിൽ മാത്രം മുഴുകി സംഗീതവും ,സിനിമയുമടക്കം സോഷ്യൽ മീഡിയ സൈറ്റുകളിൽ അഭയം തേടി സ്വയം അവനവനിലേക്ക് മാത്രം ഒതുങ്ങി കൂടി കൊണ്ടിക്കുന്ന ഒട്ടും സാമൂഹിക ചുറ്റുപാടുകൾ അറിയാതെ ആത്മസുഖത്തിൽ ലയിച്ച് ആത്മരതിയിൽ രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഒരു തലമുറയെയാണ് സോഷ്യൽ മീഡിയ സെറ്റുകൾ വാർത്തെടുക്കുന്നത് എന്ന്  പറയുന്നു ...!


അതായത് സോഷ്യൽ
അല്ലാതാകുകയാണ് ഇപ്പോൾ
ഒരുവിധം സോഷ്യൽ മീഡിയ തട്ടകങ്ങൾ എന്നാണ് പുതിയ റിസേർച്ചുകൾ കണ്ടെത്തുന്നത് ...!

ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ അധഃപതനത്തിന്റെ പുത്തൻ കാഴ്ച്ചകളാണിതൊക്കെ ... !

ഈ പുത്തൻ നൂറ്റാണ്ടിൽ പൊട്ടിമുളച്ച് അതിവേഗം ദ്രുതഗതിയിൽ വളർന്ന് വലുതായി കൊണ്ടിരിക്കുന്ന , നാമൊക്കെ എന്നുമെപ്പോഴും വിളയാടിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് അനേകം ഗുണങ്ങൾക്കൊപ്പം അതിലേറെ  ദോഷ വശങ്ങളുമുള്ള ഇന്നുള്ള സകലമാന സോഷ്യൽ മീഡിയ സൈറ്റുകളും ...!
ആഗോളപരമായി ഇന്നുള്ള ലോക ജനസംഖ്യയുടെ പകുതിയോളം ആളുകൾ ഡിജിറ്റൽ യുഗം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ഉപഭോക്താക്കളാണെന്നാണ് പഠനങ്ങൾ പറയുന്നത് .

ആയതിൽ 70  ശതമാനം പേരും ഏതെങ്കിലും സോഷ്യൽ മീഡിയ തട്ടകങ്ങൾ ഉപയോഗിക്കുന്നവരാണെന്നും പറയുന്നു . ഇവരിൽ 30  ശതമാനം പേരും സോഷ്യൽ മീഡിയ സെറ്റുകളിൽ അഡിക്ടായി/അടിമകളായി  അവരുടെ ഭൂരിഭാഗം സമയവും ഇത്തരം തട്ടകങ്ങളിൽ ചിലവഴിച്ച്  സ്വയം ദോഷങ്ങളുണ്ടാക്കിയും , മറ്റുള്ളവർക്ക് അലോസരങ്ങൾ സൃഷ്ട്ടിച്ച്  കൊണ്ടിരിക്കുന്നവരുമാണെന്നാണ് വെളിവാക്കുന്നത് ...!

സമീപ ഭാവിയിൽ തന്നെ നാം പറയുന്നത്  പോലും എഴുത്തായി പ്രസിദ്ധീകരിക്കുന്ന ആപ്പുകൾ സജീവമായി ഡിജിറ്റൽ മേഖലകളിൽ പ്രചാരത്തിലാവും എന്നാണ് കരുതുന്നത് ...

തികച്ചും  വ്യക്തിപരമായ ഇടങ്ങളിൽ പോലും
അനോണികളായും ,ട്രോളുകളായും , ഇല്ലാ - വാർത്തകളുമായി (ഫേക് ന്യൂസ് )
പലരും നേര് ഏത് , നുണയെന്നറിയാതെ പങ്കുവെച്ചിട്ടും മറ്റും പല  വ്യക്തികൾക്കും ,
വിവിധ സ്ഥാപനങ്ങൾക്കും , ഒട്ടുമിക്ക പ്രസ്ഥാനങ്ങൾക്കും വരെ ഭീക്ഷണിയാവുന്ന തരത്തിലും ഇത്തരം വിവര സാങ്കേതികത വിനോദോപാധി  തട്ടങ്ങൾക്കാകും എന്ന്  സാരം ...!

ഈയിടെ പിന്ററസ്റ് എന്ന സോഷ്യൽ മീഡിയ തട്ടകത്തിലെ ദോഷവശങ്ങളും ,തമാശകളും അടങ്ങിയ അനേകായിരം ട്രോളുകളും , കാർട്ടൂണുകളും അനേകായിരം പേർ ഷെയർ ചെയ്ത പോസ്റ്റിലൂടെ  ഒന്ന് വിശദമായി  നോക്കിയാൽ മാത്രം മതി സോഷ്യൽ മീഡയ സെറ്റുകൾ എന്നത് ഇന്നത്തെ മാനുഷിക അവസ്ഥാ വിശേഷങ്ങളെ എന്തുമാത്രം 'അൺസോഷ്യലാ'ക്കി തീർക്കുന്നു എന്നത് ...!

നാനാതരത്തിൽ ഇന്നുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലുള്ള അടിമത്തം /അഡിക് ഷൻ കാരണം വിദ്യഭ്യാസം, ജോലി , ദാമ്പത്യം , കുടുംബം, മാനസികാരോഗ്യം എന്നീ പൽ മേഖലകളിലും  വല്ലാത്ത വിവിധതരത്തിലുള്ള പ്രശ്നങ്ങൾ എന്നുമെന്നും സംഭവിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

ഇത് മാത്രമല്ല  സോഷ്യൽ മീഡിയ ഇടങ്ങൾ നമ്മൾ ഓരോരുത്തർക്കും സാധ്യമാക്കി തരുന്ന ഇന്റർനെറ്റ് / ഇലക്‌ട്രിക് / ഇലക്ട്രോണിക് /പ്ലാസ്റ്റിക് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷൻ   തരംഗങ്ങളും , പൊലൂഷൻ മുതലായ അനേകം സംഗതികൾ നാം അടക്കം ഭൂമിയിലെ ജീവജാലങ്ങൾക്കും , ആവാസ വ്യവസ്ഥിതിക്കുമൊക്കെ വല്ലാത്ത  ഭീക്ഷണിയായി പരിണമിച്ച്‌ കൊണ്ടിക്കുകയാണെന്നുള്ള കാര്യവും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണം ...!
ഒപ്പം ധാരാളം ഗുണങ്ങൾക്കൊപ്പം
തന്നെ അനേകം ദോഷങ്ങളുമുള്ള
ഇത്തരം സൈറ്റുകളിലാണ് , ഇപ്പോൾ അനേകരുടെ മനുഷ്യോർജ്ജം വെറുതെ പാഴായി കൊണ്ടിരിക്കുന്നത്  എന്നുള്ള സത്യവും ...!
നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽമീഡിയ തട്ടകങ്ങളിൽ കൂടി ചുമ്മാ ഒരു എത്തി നോട്ടം മാത്രമാണിത് കേട്ടോ കൂട്ടരേ ...

അധികമായാൽ അമൃതും
വിഷം എന്നാണല്ലൊ ചൊല്ല്
അത് കൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...!
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

കഴിഞ്ഞ ദിവസം
ബ്രിട്ടീഷ് മലയാളി പത്രത്തിന്റെ    
 കോളത്തിൽ  എഴുതി പ്രസിദ്ധീകരിച്ച കുറിപ്പുകളാണിത് ...
ഇതോടൊപ്പം കൂട്ടി വായിക്കുവാൻ ,ഇതാ അഞ്ച് കൊല്ലം മുമ്പത്തെ 
ഒരു പിൻകുറിപ്പ്  ...
ബ്ലോഗിങ്ങ് അഡിക്ഷനും ഇന്റർനെറ്റ് അടിമത്തവും

Wednesday, 29 March 2017

'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം.'.. ! / ' 0raal Jeevithatthilekku Thirichu Natanna Vidham ' ... !

അവൻ   മരണത്തിന്റെ കരാള
ഹസ്തത്തിൽ നിന്നും അതിജീവനം
നടത്തിയ ശേഷം, വീട്ടിലെത്തി ശരീരം
പൂർവ്വ സ്ഥിതിയിൽ ക്രമീകരിക്കുന്ന ചികിത്സാ വസ്ഥയിൽ ഇരിക്കുമ്പോഴാണ് - തന്നെ പിടികൂടിയ ദുരിത പർവ്വങ്ങളുടെ ഓർമ്മകളെല്ലാം കടലാസിലേക്ക് പകർത്തി വെക്കുവാൻ നിശ്ചയിച്ചത് ...
മുന്നിൽ നിവർത്തി വെച്ചിരിക്കുന്ന കടലാസിൽ അവൻ  ഉത്സാഹത്തോടെ മനസ്സിൽ അപ്പോൾ തോന്നിയ തലക്കെട്ടെഴുതി...

'ഒരാൾ ജീവിതത്തിലേക്ക്
തിരിച്ചു നടന്ന വിധം.'
പിന്നെ അതിനു താഴെ എഴുതാൻ തുടങ്ങി.
ഭാഗം-1
പുറത്ത് ആകാശം തെളിഞ്ഞു വരുന്നതേ ഉണ്ടായിരിക്കുകയുള്ളൂ. അന്തരീക്ഷം നേർത്ത മൂടൽമഞ്ഞ് പുതച്ച് തണുത്തു കിടക്കുകയായിരിക്കും........
അങ്ങിനെയങ്ങിനെ ഭാഗം - 2 ,
 ഭാഗം - 3  എന്നിങ്ങനെ കഴിഞ്ഞു പോയ ഓരൊ അനുഭവങ്ങളും എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ , ആയതിന്റെ ഓരൊ ഭാഗങ്ങൾ ഒന്നൊന്നായി അവന്റെ  മുഖപുസ്തകത്തിലും ആലേഖനം ചെയ്ത് പ്രസിദ്ധീകരിച്ചു ...
ആദ്യമൊക്കെ ഞങ്ങൾ അവന്റെ കൂട്ടുകാരും , നാട്ടുകാരും , ബന്ധുക്കളുമടക്കം വളരെ കുറച്ചാളുകൾ മാത്രം വായിച്ച് പോയിരുന്ന ഹൃദയ സ്പർശിയായ - ആ കുറിപ്പുകൾ , ഷെയറ് ചെയ്യപ്പെട്ടും , മറ്റും അനേകം വായനക്കാരിൽ എത്തിപ്പെട്ടു ...!
എല്ലാവരുടെയും പ്രോത്സാഹനങ്ങൾ അകമഴിഞ്ഞ് എപ്പോഴും ലഭിച്ചു കൊണ്ടിരുന്നതിനാൽ ഏതാണ്ട് എഴുപതോളം ഭാഗങ്ങൾ അവൻ എഴുതി തീർത്തു ...
തുടക്കം മുതൽ ഒടുക്കം വളരെ ലളിതമായ സാഹിത്യ ശൈലികളാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ സുഖവും , ശാന്തതയുമൊക്കെ - ദുരിതങ്ങളും, ദു:ഖങ്ങളുമൊക്കെയായി മാറുന്നതും - പിന്നീടതിൽ നിന്നും മോചനം  നേടുന്നതുമായ ഒരു നീണ്ട  അനുഭവ കഥയായിരുന്നു ആ കുറിപ്പുകൾ ...!
ഈ മുഖ പുസ്തക കുറിപ്പുകൾ വായിച്ചവരെല്ലാം - അവനെ  ഇതൊരു പുസ്തകമായി  ഇറക്കുവാൻ നിർബ്ബന്ധിച്ചപ്പോൾ ;  ഈ എഴുപതോളമുള്ള ഭാഗങ്ങൾ ക്രോഡീകരിച്ച് 55  അദ്ധ്യായങ്ങളായി തിരിച്ച് - ഒരു കൈയ്യെഴുത്ത് പ്രതിയുണ്ടാക്കിയത് , കഴിഞ്ഞ തവണ ഞാൻ ചികിത്സക്ക് നാട്ടിൽ പോയപ്പോൾ  -  എനിക്ക് വായിക്കാൻ സിദ്ധിച്ചതിൽ നിന്നും , എനിക്ക് ആ സമയത്ത് അതിയായ ആത്‌മ വിശ്വാസവും , ഊർജ്ജവും കൈവരിക്കുവാൻ സാധിച്ചു എന്നതും  എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ് ...!
എന്തുകൊണ്ടെന്നാൽ അർബുദമെന്നൊരു അവസ്ഥാവിശേഷം  , കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്ത് എന്റെ ജീവിതത്തിന്റെ  പടി വാതിലിൽ വന്നെന്നെ ചുമ്മാ വിരട്ടി കൊണ്ടിരിക്കുകയായിരുന്നു...
നാട്ടിലും , ലണ്ടനിലുമായി  ആയുർവേദത്തിന്റേയും,       അലോപ്പതിയുടെയും തലതൊട്ടപ്പന്മാരായ പല ഭിഷംഗരന്മാരെയും സമീപിച്ചപ്പോൾ ഒരു കാര്യം മനസ്സിലായിരുന്നു ...
അതെന്താണെന്ന് വെച്ചാൽ ലോകത്തിൽ ആകെ
- രണ്ട് തരത്തിലുള്ള മനുഷ്യരെ ഇപ്പോൾ  വസിക്കുന്നുള്ളൂ എന്നത്  -
അതായത് കാൻസർ ഉള്ളവരും , കാൻസർ വരാൻ സാധ്യതയുള്ളവരും (Cancer is Not an Illness - It is a Symptom) മാത്രമെ ഉള്ളൂ എന്ന സത്യം ...!

സ്വയം വരുത്തി വെച്ചും , അല്ലാതേയും  ആർക്കും എപ്പോൾ വേണമെങ്കിലും എത്തിച്ചേരാവുന്ന ആധുനിക ജീവിതരീതികളിലൂടെയാണല്ലൊ  നാം ഏവരും  ഇപ്പോൾ അഭിരമിച്ച്   കൊണ്ടിരിക്കുന്നത് എന്നതും ഈ അവസ്ഥ കൈവരിക്കുവാൻ ഒരു പ്രത്യേക ആനുകൂല്യം കൂടിയാണ് ...
അനേകമനേകം മിത്രങ്ങളും , പരിചയക്കാരും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ എനിക്കുണ്ടായെങ്കിലും , അതിൽ എന്നും , ഇന്നും ഉത്തമർ എന്നുള്ള കൂട്ടുകാരും ,  കൂട്ടുകാരികളും ആയിട്ടുള്ളവർ നാട്ടിൽ ഒപ്പം കളിച്ചു  വളർന്നവരും , സഹപാഠികളും , പിന്നെ കലാസാഹിത്യ അഭിരുചികളിലൂടെ പരിചയപ്പെട്ടവരും തന്നെയാണെന്ന് അടിവരയിട്ട് പറയാവുന്ന സംഗതിയാണ്...

ഇന്ന് സോഷ്യൽ മീഡിയയിലെ എഴുത്തിന്റെ മേഖലയിൽ വാണരുളുന്ന  തൃശ്ശൂർ വെറ്റിനറി കോളേജിൽ നിന്നും കാൽ നൂറ്റാണ്ട് മുമ്പ് പുറത്തു വന്ന  സമകാലികരായ  പ്രിയൻ പ്രിയവ്രതൻ , സതീഷ് കുമാർ , പിന്നെ സുനിൽ കുമാർ എന്നിവരിൽ ഒരുവനായ  എന്റെ ഒരു പ്രിയ മിത്രവും, ബ്ലോഗറും , സിനിമാക്കാരനും ,  നാട്ടുകാരനുമായ ഡോ : എം.ബി. സുനിൽ കുമാറിന്റെ കഥയാണിത്  ...!
അർബുദത്തിൽ നിന്നും മോചനം നേടി വീണ്ടും ജോലിയിൽ  കയറിയ ശേഷം , ഞാനും , സുനിലും , പ്രദീപ് ജെയിമ്സും , സമദ് വക്കീലും, സത്യനുമൊക്കെ കൂടി 'തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റി'ൽ പങ്കെടുത്ത് , വടക്കൻ കേരളം മുഴുവൻ ഒന്ന് കറങ്ങിയിരുന്നു ...
അതിന് ശേഷം സുനിൽ അപ്പോൾ വർക്ക് ചെയത് കൊണ്ടിരുന്ന സിനിമയുടെ ലൊക്കേഷനിലും ...!
വളരെ അസ്സലായി തന്നെ നാടിനേയും  , നാട്ടുകാരേയും, കൂട്ടുകാരേയും, ചികിത്സകനേയും, ചികിത്സാലയത്തേയും, അവിടത്തെ അന്തേവാസികളേയും മറ്റും കൂട്ടിയിണക്കി ,താൻ അതി ജീവിച്ച പ്രതിസന്ധികളും, പ്രതിവിധികളുമൊക്കെ പ്രതിപാദിച്ചിട്ടുള്ള തനി ജീവിതാനുഭവാവിഷ്കാരങ്ങൾ വരികളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ അനുഭവ കഥയിൽ കൂടി സുനിൽ എന്ന എന്റെ മിത്രം ...
ഭാവിയിൽ വളരെയധികം  പേർക്ക് തികച്ചും ഉപകാരപ്രദമാകുന്ന ഒരു പാഠ പുസ്തകം തന്നെയായാകും സുനിലിന്റെ ഈ അനുഭവ ആവിഷ്ക്കാരങ്ങൾ കുറിച്ചിട്ട ഈ പ്രസിദ്ധീകരണമെന്ന്  ഉറപ്പിച്ച് പറയാവുന്ന സംഗതി തന്നെയാണ് ...!
ചിരിച്ചും ചിരിപ്പിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുമ്പോൾ  നടൻ ഇന്നസെന്റിനെ കാൻസർ പിടി കൂടിയ ശേഷം , പിന്നീടത് ഭേദപ്പെട്ടപ്പോൾ - അദ്ദേഹം തന്റെ അർബുദ  കാലഘട്ടത്തിലെ  ഓർമ്മകൾ കാൻസർ വാർഡിലെ  ചിരി എന്ന പുസ്തകത്തിലൂടെ എ ഴുതിയിട്ടപ്പോൾ
കാൻസറെന്നാൽ ഇത്രയേ ഉള്ളൂ എന്നും , അതിനെ ഭയപ്പെടേണ്ടതില്ലെന്നും , മൂപ്പർ  തന്റെ അനുഭവങ്ങൾ സാക്ഷിയാക്കി വെളിപ്പെടുത്തിയിരുന്നു ...
അതോടെ അത്  വായിച്ചവർക്കൊക്കെ കാൻസറിനെ കുറിച്ചുള്ള പല വികലമായ ധാരണകൾ മാറ്റാനും , മാറി ചിന്തിക്കാനും കുറേ പേരെയെങ്കിലും , പല മാധ്യമങ്ങൾക്കു മുന്നിലൂടെ  ഈ അർബുദ കാലയളവിലെ അനുഭവങ്ങളും , പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്ന സംഗതികളും , മറ്റും വെളിപ്പെടുത്തുവാൻ പ്രേരിപ്പിച്ചു ... 

പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ അർബുദ ചികിത്സാ രംഗത്ത് കൈപ്പുണ്യം വരിച്ച  ഡോ : വി.പി .ഗംഗാധരനും , അദ്ദേഹത്തിൻറെ ടീമംഗങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ,ബോധവൽക്കരണങ്ങളും വിശദീകരങ്ങൾ സഹിതം അവരവരുടെ അനുഭവ സാക്ഷ്യങ്ങൾ സഹിതം ...! ( താഴെ വീഡിയൊ കാണാം  )അതുപോലെ തന്നെ തീർച്ചയായും  ഏവർക്കും വളരെ ഉപകാര പ്രദമാകുവാൻ പോകുന്ന ഒരു  പുസ്തകം തന്നെയായിരിക്കും സുനിലിന്റെ ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം' ...!
ഡി.സി.ബുക്സ്‌ പുറത്തിറക്കുന്ന ഡോ : എം .ബി . സുനിൽ കുമാറിന്റെ ഈ അനുഭവങ്ങളും മറ്റും വിശദീകരിച്ചിട്ടുള്ള , 224 പേജുകളും , 51 അദ്ധ്യായങ്ങൾ അടങ്ങിയതുമായ    195 രൂപ  മുഖ വിലയുള്ള പുസ്തകം ,  സുനിൽ കുമാറിന്റെ കാൻസർ കാലഘട്ടത്തിലെ   ഓർമ്മകൾ  കുറിച്ചിട്ട 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം ' ഈ വരുന്ന 2017 ഏപ്രിൽ 21 - ന് വെള്ളിയാഴ്ച , കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിദ്ധ്യത്താൽ ധന്യമാകുന്ന ചടങ്ങിൽ  - വൈകീട്ട് 5 മണിക്ക് , തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് ഡോ : വി.പി .ഗംഗാധരൻ   പ്രകാശനം ചെയ്യുകയാണ് ... 
നാട്ടിൽ ആ സമയത്തുള്ള ബ്ലോഗേഴ്‌സിനൊക്കെ സൗകര്യമുണ്ടെങ്കിൽ  ഈ ചടങ്ങിൽ പങ്കെടുക്കാവുന്നതാണ് ... 
ഡി.സി.ബുക്സിന്റെ ഓൺ-ലൈൻ സ്റ്റോറിൽ ഇപ്പോൾ 176  രൂപയുടെ സ്‌പെഷ്യൽ പ്രൈസിലും ഈ പുസ്തകം വാങ്ങാവുന്നതാണ് OnLineStore - DC Books - Author Dr: M.B.Sunilkumar .

പ്രഥമ  അദ്ധ്യായമായ
'കുളിർ മഞ്ഞിൽ ആരൊ ഒരാൾ '
മുതൽ ഈ പുസ്തകത്തിലെ മിക്ക  അദ്ധ്യായങ്ങളും വായനക്കാരുടെ മനസ്സിനെ ആദ്യം കുറെ നൊമ്പരപ്പെടുത്തുമെങ്കിലും, പിന്നീട് ആശ്വാസവും സന്തോഷവും തരുന്നവയാണ്...
യാത്രകളും , ഉത്സവങ്ങളും , സാഹിത്യവും , സിനിമയുമൊക്കെ സുനിലിന്റെ  ഇതുവരെയുള്ള ജീവിതത്തിൽ കയറിയിറങ്ങി പോയതും , ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലെ തനി കൃഷിയും , മാട് വളർത്തലുമായി കഴിയുന്ന ജനങ്ങളുടെ സ്നേഹഭാജനമായ ഒരു സ്വന്തം ഡോക്ട്ടറേയും ഈ പുസ്തകത്തിന്റെ താളുകളിൽ കൂടി തൊട്ടറിയാവുന്നതാണ് ...!
അമ്പതാം ഭാഗമായ
' വീണ്ടും ഒരു പുനർജനി നൂഴലൊക്കെ'
വല്ലാതെ ആമോദം നൽകുന്നു ...
 'എത്ര സുന്ദരം ഈ ജീവിതം'
എന്ന അവസാന ഭാഗത്തിൽ ഡോ : സുനിൽകുമാർ  
ഇങ്ങിനെ എഴുതി അവസാനിപ്പിക്കുകയാണ് ...

'പുതിയൊരു വേഷത്തോടെ പുതിയൊരുത്സാഹത്തോടെ വീണ്ടും
ജീവിതത്തിന്റെ വർണ്ണ വിഹായസ്സുകളിലേക്ക് കുന്നുകൾ താണ്ടി നക്ഷത്രങ്ങൾ തേടി ഞങ്ങൾ വീണ്ടും യാത്ര തുടരുകയാണ് ...'

നമുക്കൊക്കെ അറിയാം 
ഈ 'ഞങ്ങളി'ൽ അനേകം പേർ 
അണിനിരക്കുന്നുണ്ട് എന്ന വാസ്തവം...!

 

LATEST CANCER  INFORMATION (ലിങ്ക് )

21 / 04  / 2017

സുനിലില്ലാതെ അവന്റെ പുസ്തക പ്രകാശനം ഇന്ന് നടന്നു .മരണത്തിന്റെ പിടിയിൽ നിന്നും മോചിതനായി വന്നിട്ട് , മരണമുഖത്ത് കിടക്കുന്നവർക്കെല്ലാം നല്ലൊരു ബോധ വൽക്കരണം നടത്തിയിട്ട് , ഡോ :സുനിൽ കുമാർ ഒരു വീഴ്ച്ചയെ തുടർന്ന് , എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കൊണ്ട് ,രണ്ടാഴ്‌ച്ച മുമ്പ് അവൻ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മടങ്ങി പോയി .. ! സുനിലിന്  ആദരാജ്ഞലി / മിത്രം ഡോ :സതീഷിന്റെ കുറിപ്പുകൾ

 

Monday, 27 February 2017

അറേബ്യൻ ഐക്യ നാടുകളിലെ പ്രണയ സഞ്ചാരങ്ങൾ ... ! / Arebian Aikya Natukalile Pranaya Sancharangal ...!

പ്രണയത്തിന്റെ പ്രയാണത്തിന് പ്രായവും കാലവും ദേശവുമൊന്നും ഒരു പ്രതിസന്ധിയായി ഒട്ടു മിക്കവരിലും ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കില്ല - എന്നതിൻ ഉദാഹരണമാണ് പ്രണയ സഞ്ചാരികളായി ഞങ്ങൾ താണ്ടിയ , കലക്കനായ പ്രണയം തുളുമ്പുന്ന രണ്ടാഴ്ച്ച കാലത്തെ ഈ അറേബ്യൻ ഐക്യ നാടുകളിലെ  പ്രേമ സഞ്ചാരങ്ങൾ..!

സ്ഥിരം പ്രണയിനിയായ ഭാര്യക്കൊപ്പം , ഉറ്റവരായ ബന്ധുക്കളുടെ വീടുകളിൽ കയറിയിറങ്ങി , ബാല്യകാല മിത്രങ്ങളെ ചെന്ന് കണ്ട് , കടിഞ്ഞൂൽ പ്രണയ നായികയോടൊപ്പം , ഇതുവരെ കണ്ടിട്ടില്ലാത്ത ഓൺ-ലൈൻ  മിത്രങ്ങളെ ഓഫ്-ലൈനായി നേരിട്ട് പോയി കണ്ടും , വിളിച്ചും അബുദാബി മുതൽ ഫുജൈറ വരെയുള്ള ഏഴ് എമിറേറ്റുകളിലേയും  ഒട്ടുമിക്ക വിനോദ സഞ്ചാര സ്ഥലങ്ങളിലും, മാറി മാറി സഞ്ചരിച്ചുള്ള ഒരു പ്രണയ കാലം തന്നെയായിരുന്നു ഈ അറേബ്യൻ സഞ്ചാരങ്ങൾ ...! 
 
അറബിക്കടലിൽ നിന്നും  തള്ളിനിൽക്കുന്ന ഗൾഫ് ഉൾക്കടലിന്റെ (പേർഷ്യൻ ഉൾക്കടൽ ) തെക്ക് കിഴക്കൻ  തീരത്തെ ഒരു വലിയ ദേശമായ അബുദാബി മുതൽ ദുബായി , ഷാർജ , അജ് മാൻ , ഉംഅൽ കുവൈൻ , റാസ് അൽ ഖൈമ വരെയുള്ള  കൊച്ചു രാജ്യങ്ങളും , ഒമാനിനോട് ചേർന്ന് കിടക്കുന്ന ചുണ്ണാമ്പ് കല്ലു മലകളാൽ സംപുഷ്ട്ടമായ ഫുജൈറയും ചേർന്ന - ' ഷേയ്ക്കു'കളാൽ  ഭരിക്കപ്പെടുന്ന ഈ ഏഴ് എമിറേറ്റുകൾ കൂടി ചേർന്ന -  ഇന്ന് ലോകത്തിലെ  അതി സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് , അറേബ്യൻ ഐക്യ നാടുകൾ എന്നറിയപ്പെടുന്ന 
' U A E  'എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആയ   അബുദാബി തലസ്ഥാനമായ ഈ അറബികളുടെ നാട് ...!

ചരിത്രപരമായി 3500 കൊല്ലങ്ങളുടെ കഥകൾ ചൊല്ലിയാടാനുണ്ടെങ്കിലും , പതിനെട്ടാം  നൂറ്റാണ്ടുമുതൽ ബ്രിട്ടീഷ് പ്രോട്ടക് ഷനിൽ ,' ഇന്ത്യൻ കറൻസി' ക്രയ വിക്രയത്തിന് ഉപയോഗിച്ചിരുന്ന ഒരു അറബി രാജ്യമായിരുന്നു ഇതെങ്കിലും , 1950 - നു ശേഷമുള്ള എണ്ണയുൽപ്പാദാന സ്രോതസ്സ് ഇവിടെ കണ്ട്  പിടിച്ചത് മുതലാണ് ഈ രാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിച്ച തുടങ്ങിയത് ...

ഏതാണ്ടമ്പത് കൊല്ലം മുൻമ്പ് വരെ , വെറും സാധാരക്കാരനും , പ്രാരാബ്ധക്കാരനുമായ ഒരു ശരാശരി മലയാളിയെ പ്രവാസത്തിന്റെ പ്രയാസങ്ങളിലേക്ക് മാടി വിളിച്ച് , പണിയെടുപ്പിച്ച് അവനേയും/അവളേയും , അവരുടെ കുടുംബത്തേയും - അൽപ്പസൽപ്പം ആഡംബര ജീവിതങ്ങൾ നയിക്കുവാൻ പ്രാപ്തമാക്കിയ പതിനാല് അറബി നാടുകളിൽ പെട്ട , സപ്ത രാജ്യങ്ങളായ ഈ  അറേബ്യൻ ഐക്യ നാടുകൾ ...!

അബുദാബിയും , ദുബായിയും , ഷാർജയും ,
അജ്മാമാനുമൊക്കെ ഇന്ന് ലോകത്തിലെ അതി മനോഹര പട്ടണങ്ങളാണ്... 
പണത്തിന്റെ അതി പ്രസരത്താൽ ഇന്നത്തെ ഒട്ടുമിക്ക അറേബ്യൻ രാജ്യങ്ങളിലെ മറ്റെല്ലാ പട്ടണങ്ങളെ പോലെയും  വെട്ടിത്തിളങ്ങി നിൽക്കുന്ന അത്യാധുനിക മോഡേൺ സിറ്റികളായി തന്നെ വിളങ്ങി നിൽക്കുകയാണ് 'യു എ .ഇ' - യിലെ എല്ലാ നഗരങ്ങളും ഇന്ന് ...

അബുദാബി എമിറേറ്റിലെ ഏറ്റവും വലിയ അധിവാസകേന്ദ്രം അബുദാബി എന്നു തന്നെ പേരുള്ള തുറമുഖ നഗരമാണ്. 1971-ൽ 'യു.എ.ഇ.' പിറവിയെടുത്തതു മുതൽ രാജ്യ തലസ്ഥാനമായി വർത്തിക്കുന്ന അബുദാബി നഗരത്തോടനുബന്ധിച്ചുള്ള സുസജ്ജവും , പൂർണമായും മനുഷ്യ നിർമിതമാണ്. ഞങ്ങൾ സന്ദർശിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോസ്കായ 'ഷേയ്ഖ് സെയ്‌ദ് ഗ്രാൻറ് ആരാധനാലയവും ' അബുദാബിയിലാണ് ...!

ഇവിടെയുള്ള 'അൽ ഐൻ' എന്ന മരുഭൂമിയിൽ നട്ടു നനച്ച് വൃക്ഷലതാതികളാൽ പച്ച പിടിച്ചുനിൽക്കുന്ന തോട്ടങ്ങളും ഒരു അവിസ്മരണീയ കാഴ്ച്ച തന്നെയായിരുന്നു ...!

ഉപഭോക്തൃ സംരക്ഷണവും, വിനോദസഞ്ചാര മേഖലയെ പ്രധാന്യത്തോടെ നോക്കി കാണുന്നതുമെല്ലാം 'യു എ ഇ' - യുടെ സമ്പദ് വ്യവസ്ഥക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്. വാണിജ്യ വ്യവഹാരങ്ങള്‍ക്കുള്ള ഇലക്‌ട്രോണിക്, സ്മാര്‍ട് ഇടപാടുകളും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നു...
ഇത്തരം മേഖലയില്‍ തന്നെ മറ്റൊരു ഗൾഫ് രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധമാണ് സ്മാര്‍ട് സര്‍വീസുകളില്‍ 'യു .എ. ഇ' - യുടെ നേട്ടം.
ലോകത്തിലെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയതും , അത്യാധുനികവുമായ തുറമുഖ നഗരമായ അബുദാബിയാണ്   പെട്രോളിയം  ഉൽപ്പന്നങ്ങളുടെ ശേഖരത്തിൽ നിന്നും ഏറ്റവും ലാഭമുണ്ടാക്കുന്ന എമിറേറ്റെങ്കിലും , ദുബായാണ് ഇന്ന് ആയതിനു  പുറമെ വ്യവസായം, ടൂറിസം , കച്ചവടം മുതലായ കാര്യങ്ങളാൽ ലോകത്തിലെ മറ്റു പ്രമുഖ രാജ്യങ്ങളിലെ പട്ടണങ്ങളെ പോലും കടത്തി വെട്ടി വരുമാനമുണ്ടാക്കുന്ന ഒരു പ്രശസ്തമായ  എമിറേറ്റ് പട്ടണം ...

വളരെ കുറച്ചു കാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബായ്  ഇന്നൊരു വമ്പൻ ലോക നഗരമായും , ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിനഞ്ഞിരിക്കുകയാണ്  ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു. കപ്പൽ , വ്യോമ മാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ഇന്ന് ദുബായ് .
വിനോദ വ്യവസായം, വ്യോമയാനം. ഭൂവിനിമയം, ധനവിനിമയം  എന്നീ മേഖലകളിലേക്ക് കൂടി ഇവർ വ്യവസായം വ്യാപിപ്പിച്ചപ്പോൾ , പിന്നീട്  ദുബായ് നഗരം ദിനം തോറും ഒരു ലോകോത്തര പട്ടണമായി വളർന്ന് വളർന്ന് വരികയായിരുന്നു ..

ഏതാണ്ട് അമ്പത് കൊല്ലം മുമ്പ് വരെ ദുബായുടെ  പ്രധാന വരുമാന സ്രോതസ്സുകൾ ,  മറ്റ് ഗൾഫ് രാജ്യങ്ങളുടേത് പോലെ വ്യാപാരവും  , എണ്ണപര്യവേഷണ ഗവേഷണ വിഭങ്ങളിൽ മാത്രമായിരുന്നുവെങ്കിൽ - ആ വരുമാനങ്ങൾ വേണ്ടവിധം ഉപയോഗികച്ചവർ വെസ്റ്റേൺ പട്ടണങ്ങളുടെ ശൈലിയിലുള്ള  വ്യാപാരത്തിൽ  ഊന്നൽ നൽകി ;
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയങ്ങൾ,വമ്പൻ എയർ പോർട്ടുകൾ, ലോകം മുഴുവൻ ദർശിക്കാവുന്ന ഗ്ലോബൽ വില്ലേജ് , മിറാക്കൽ ഗാർഡൻ , ബട്ടർഫ്ലൈ ഗാർഡൻ , അമ്യൂസ്മെന്റ് പാർക്കുകൾ, ഡെസർട്ട് സവാരികൾ എന്നിങ്ങനെ അനേകം - പ്രതികൂല അവസ്ഥകളിലും , പല പല ആഡംബര വിസ്മയങ്ങളുമായി ദുബായി നഗരമൊക്കെ ഇന്ന് ആഗോള വിനോദ സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമായി തന്നെ മാറിയിരിക്കുകയാണ് ...
'ഡിസ്‌നി ലാന്റ്' പോലുള്ള 'ദുബായ് ലാന്റും' , എപ്പോഴും തിരിഞ്ഞു കൊണ്ടിരിക്കുന്ന കെട്ടിടവുമൊക്കെ പുത്തൻ ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ ഈ നഗരത്തിൽ പണിതുകൊണ്ടിരിക്കുകയാണിപ്പോൾ ...

- കടുത്ത നിയമ വ്യവസ്ഥകൾ കാരണം ലോകത്തിലെ മറ്റ് വമ്പൻ പട്ടണങ്ങളിലെ പോലെ കുറ്റകൃത്യങ്ങൾ അത്രയൊന്നുമില്ലാത്ത കാരണം വിനോദസഞ്ചാരികളുടെ ഒരു പറുദീസ തന്നെയാണ് -  ഇന്ന് യു.എ.യിലെ സകലമാന പട്ടണങ്ങളും ...!

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അപാര   നിർമ്മിതികൾ കൊണ്ട് ദുബായ് ആഗോള ജന ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബര  ചുംബിയായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും , കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും , മറ്റു വൻ ഹോട്ടൽ കെട്ടിട സമുച്ചയങ്ങളും , വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു...

യു.എ.യിലെ ഔദ്യോഗിക ഭാഷ അറബിയാണ്.  പക്ഷെ മലയാളം എവിടെയും കേൾക്കാം , ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും മലയാളികളുടെയോ , മലയാളികൾ തൊഴിലാളികളായവരൊ ഉള്ളതാണ്.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ആളുകളെ ഇവിടങ്ങളിൽ   കാണാവുന്നതാണ് . ഇംഗ്‌ളീഷ്‌, ഹിന്ദി , ഉറുദു,പാഴ്‌സി, തമിഴ് , ബംഗാളി ഭാഷകളും ഇവിടെ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.

ഒരു മുസ്ലിം രാജ്യമാണെങ്കിലും 'യു.എ .ഇ' - യുടെ ഭരണഘടന മത സ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യൻ പള്ളികളും , ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിറേറ്റുകളിലും ഉണ്ട്. 'യു.എ .ഇ' -യിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും , ബിസ്സിനസ്സുകൾ നടത്താനും , ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്...

 ഷാർജയാണ് ഈ അറേബ്യൻ രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനം. മറ്റുള്ള എമിറേറ്റുകളെക്കാൾ  പല ഇസ്‌ലാമിക ശരിയത്ത് നിയമങ്ങളും ഇവിടെ കർശ്ശനമായി നടപ്പാക്കുന്നുണ്ട് എന്ന് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും, വൃത്തിയും വെടിപ്പുമുള്ള അത്യാധുനികമായ പരന്നു കിടക്കുന്ന ഷാർജ ഫിഷ്  പോർട്ടിനടുത്തുള്ള മത്സ്യ- മാംസ - പച്ചക്കറി  മാർക്കറ്റ് കാഴ്ച്ചകൾ ഒരു വിസ്മയം തന്നെയാണ്...!

വിനോദ സഞ്ചാര മേഖലയിൽ എന്നുമെന്നോണം നിരവധി പ്രദേശങ്ങൾ ഇവിടെ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട് .

അജ്‌മാൻ മ്യൂസിയത്തിൽ പതിനെട്ടാം  നൂറ്റാണ്ടിൽ നിലനിന്നിരുന്ന അറേബ്യൻ സംസ്കാരത്തിൻറെ തിരുശേഷിപ്പുകളും , ഈ രാജ്യത്തിന്റെ അതി പുരാത ശില്പങ്ങളുമൊക്കെ  ദർശ്ശിക്കാവുന്നതാണ് . അജ് മാനിലുള്ള റാഷിദീയ്യ പാർക്ക്, ചൈന മാൾ , അജ്‌മാൻ മറീന എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
'യു.എ .ഇ' - യിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയും, സാങ്കേതിക സർവ്വകലാ ശാലയും സ്ഥിതി ചെയ്യുന്നതും അജ്മാനിൽ തന്നെയാണ്...

 ഉം അൽ കുവൈൻ എമിറേറ്റ് മരുഭൂമികളുടെ നാട് കൂടിയാണ്. ധാരാളം നട്ടു നനച്ചു വളർത്തുന്ന ഈന്തപ്പന തോട്ടങ്ങളും , അവക്കുള്ളിലൊക്കെ ആട് , പശു, ഒട്ടക ഫാമുകളൊക്കെ ധാരാളമുള്ള സ്ഥലം .ശരിക്കും 'ആടുജീവിതങ്ങൾ' നയിച്ച്  പോരുന്ന പഠാണികളെയൊക്കെ   അവിടെ കാണുവാൻ സാധിച്ചു  ...!

പിന്നെ എല്ലാ പട്ടണങ്ങളിലും കോർണീഷുകൾ എന്നറിയപ്പെടുന്ന കടൽ തീരങ്ങളാൽ സമ്പന്നമാണ് , ഫുജൈറ ഒഴിച്ചുള്ള എല്ലാ എമിറേറ്റുകളും ബീച്ചുകളും, അവിടങ്ങളിലൊക്കെ പാതി രാത്രി  വരെ തിങ്ങി നിറഞ്ഞ ആളുകളെയും കാണാം ...

റാസ് അൽ ഖൈമ യിലെ ശാന്തമായ ബീച്ചുകളിൽ ഇറങ്ങി കുളിച്ച് , അവിടത്തെ ബൃഹത്തായ വിദേശ മദ്യ വില്പനശാലകൾ
കയറിയിറങ്ങി , ഒമാൻ അതിർത്തികളിലെ സഞ്ചരിച്ച് 1500 അടി ഉയരമുള്ള ഫുജൈറ യിലെ വിസ്താരമുള്ള പാറ തുറന്ന് വെട്ടിയുണ്ടാക്കിയ ഹെയർപിൻ കയറ്റങ്ങൾ കയറിയിറങ്ങി മരുഭൂമിയുടെ ഭീകര സൗന്ദര്യം തൊട്ടറിഞ്ഞുള്ള തണുത്തുറഞ്ഞ പുലർ കാല യാത്രയും , ജബൽ ജേയ്‌സ് മലയുടെ മുകളിൽ നിന്നും കണ്ട വർണ്ണ പ്രപഞ്ചം തൂകുന്ന സൂര്യോദയവുമൊക്കെ ഒരിക്കലും വിസ്മരിക്കാത്ത കാഴ്ച്ചകളാണ് ഞങ്ങൾക്ക് സമ്മാനിച്ചത് ...!

പിന്നീട് വാദി എന്നറിയപ്പെടുന്ന ചീസ് അൽവാദ മലയിടുക്കുകളിലേക്ക് വണ്ടിയോടിച്ച്‌ പോയി ചെറിയ വെള്ളച്ചട്ടങ്ങളും ,നീരുറവകളും മരുപ്പച്ചകളുമൊക്കെ കണ്ട ശേഷം  വളരെ സന്തോഷമുള്ള വേർപ്പാടുകളോടെയുള്ള തിരിച്ച് യാത്രയായിരുന്നു ഈ പ്രണയ യാത്രയുടെ പരിസമാപ്തി ...!
ഇരുവശങ്ങളിലും വൃക്ഷലതാതികൾ വെച്ച് പിടിപ്പിച്ചുള്ള നാല് വരി പാതകൾ തൊട്ട് ,പത്ത് വരി പാതകൾ വരെയുള്ള അസ്സൽ കിണ്ണങ്കാച്ചി റോഡുകളിലൂടെ ചീറിപ്പാഞ്ഞ് ഫുജേറയിലെ കടലിടുക്കുകളും, ചുണ്ണാമ്പ് കല്ല് മലകളും കയറിയിറങ്ങി,റാസൽഖൈമ മരുഭൂമിയിലെ ആട് ജീവിതങ്ങളും, 1500 അടി ഉയരമുള്ള തനി പാറ കെട്ടുകൾ തുറന്ന് മൂന്ന് വരി പാതയിലൂടെ എത്താവുന്ന ജബൽ ജേയ്സ്സയിലെ മലമുകളിൽ നിന്നുള്ള വർണ്ണ പ്രപഞ്ചം തൂകുന്ന സൂര്യോദയവും, ലോകത്തിലെ ഉന്നതമായ ബുർജ് ഖലീഫയിൽ നിന്നുള്ള സൂര്യാസ്തമയവുമൊക്കെ വിസ്മരിക്കാത്ത കാഴ്ച്ചകളിലേക്ക് ആവഹിച്ച് ...

ആദ്യമായി നേരിട്ട് കാണുന്ന ചില സൈബർ മിത്രങ്ങളുടെ സ്നേഹ വിരുന്നുകൾക്കൊപ്പം , ബന്ധുമിത്രാധികളുടെ ആതിഥ്യം സ്വീകരിച്ചുള്ള , ഈ പ്രണയകാലത്തിന് പത്തിരട്ടിയിലധികം മധുരം തന്നെയാണ് പ്രണയ യാത്രികരായ ഞങ്ങൾക്കപ്പോൾ കിട്ടിക്കൊണ്ടിരുന്നത് ....!

വയസ്സാൻ കാലത്ത് മധുവിധുവിന് പോകുകയാണെന്ന് പറഞ്ഞ് ഞങ്ങളുടെ മക്കളൊക്കെ ഈ യാത്രക്ക് മുമ്പ് ഏറെ കളിയാക്കിയിരുന്നു . മധുവും ,വിധുവുമൊന്നും അത്രയേറെ ഉണ്ടായില്ലെങ്കിലും , എല്ലാം കൊണ്ടും മധുര തരമായ ഒരു പ്രണയ സഞ്ചാരം തന്നെയായിരുന്നു പ്രണയോപനിഷത്ത് തേടിയുള്ള അവിസ്മരണീയമായ ഈ പ്രേമ യാത്രകൾ ... ! !

എന്നും പ്രണയം
കൊതിക്കുന്ന ഒരു
നിത്യയൗവ്വനമായ മനസ്സും
എന്നെ പോലെ അൽപ്പ സൽപ്പം
പൂച്ച ഭാഗ്യമുമുണ്ടെങ്കിൽ ആർക്കും എത്തിപ്പിടിക്കാവുന്നതാണ് ഇത്തരം
പ്രണയ സഞ്ചാരങ്ങൾ ...

ഇനി എന്നാണാവൊ
ഇതിനൊക്കെ പകരം
വീട്ടാൻ ലണ്ടനിലെ ഏതെങ്കിലും
എയർപോട്ടിൽ വന്ന് , 'യു .എ .ഇ' യിൽ
വെച്ച് പരിചയം പുതുക്കിയ ബന്ധുക്കളും , ഗെഡികളും,  ഗെഡിച്ചികളും കൂടി ഒരു ഫോൺ കോൾ എനിക്ക് വിളിക്കുന്നത് എന്ന് കാതോർത്തിരിക്കുകയാണ് ഞാൻ ... !

വിക്കിപീഡിയയിൽ നിന്നും എടുത്തതാണ് കേട്ടോ

Tuesday, 31 January 2017

കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... !

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ ആധുനിക സാഹിത്യം വരെ ചികഞ്ഞ് നോക്കിയാൽ ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാക്ഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമഭാജനങ്ങൾ തിങ്ങിനിറഞ്ഞ കാവ്യങ്ങളും , കഥകളും തന്നെയാണ് അന്നും , ഇന്നും , എന്നും  ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത്...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ പ്രേമഭാജനത്തിന്റെ ആകാര വടിവുകളിൽ ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...

പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട് 
പരസ്പരം ഇഷ്ടപ്പെടുന്നവരും ഇല്ലാതില്ല എന്നല്ല പറഞ്ഞ് വരുന്നത്...

പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക . 
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് . എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
എന്തുകൊണ്ടെന്നാൽ ഒരിക്കലും വറ്റി വരണ്ട് 
പോകാത്ത എന്റെ സ്വന്തം കടിഞ്ഞൂൽ കാതൽ കഥയുടെ 
അൽപ്പസൽപ്പം പിന്നാമ്പുറ ചരിതങ്ങൾ വീണ്ടും കുറച്ച് ചിക്കി മാന്തുകയാണിവിടെ ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ 
നായികയായ പ്രിയയെ പരിചയപ്പെടുത്തുകയാണ്
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേരക്കുട്ടിയാണിവൾ ...
പ്രിയയുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുഅവധിക്കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം വെക്കേഷൻ ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഒരു നല്ല അയലക്കകാരനായ ,ഞാനുമായുള്ള  സൌഹൃദം   തുടങ്ങിയത്...


കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,  സമപ്രായക്കാരിയുമായിരുന്നു
അന്നത്തെ പ്രിയപ്പെട്ട കൂട്ടുകാരി പ്രിയ...
അതായത് എന്റെ പ്രഥമ പ്രണയ സഖി.. !

അന്നൊക്കെ ഒരു പച്ചപ്പട്ടുടുത്ത ലാസ്യലാവണ്യവതിയായ 
അഴകുള്ള സുന്ദരിയെ പോലെയായിരുന്നു എന്റെ കണിമംഗലം 
ഗ്രാമം . നീണ്ടു പരന്നു കിടക്കുന്ന നെൽ വയലുകളാലും , കോൾ നിലങ്ങളാലും , തോടുകളാലും , കുളങ്ങളാലും , കാവുകളാലുമൊക്കെ ചുറ്റപ്പെട്ട - തെങ്ങും , കവുങ്ങും , മാവും , പ്ലാവുമൊക്കെ നിറഞ്ഞ് നിൽക്കുന്ന പുരയിടങ്ങളും  - എള്ളും , കൂർക്കയും, മുതിരയും , പച്ചക്കറികളും മാറി മാറി വിളയുന്ന ഞാറുപാടങ്ങളാലും നിറഞ്ഞ  തനി കേരളീയ പ്രകൃതി ഭംഗികൾ മുഴുവൻ വാരിക്കോരി വരദാനമായി കിട്ടിയ ഗ്രാമം ... 

തൊടികളിൽ തൊഴുത്തും , വൈക്കോൽ തുറുകളും , 
ഓലപ്പുരയും , ആട്ടിൻ കൂടും , കോഴി കൂടും ,അടുക്കള 
തോട്ടങ്ങളുമുള്ള കൊച്ചു കൊച്ച് ഓടിട്ട വീടുകളുള്ള  , തമ്മിൽ 
തമ്മിൽ ജാതിമത വത്യാസങ്ങളില്ലാതെ ഏവരെയും ബന്ധുജനങ്ങളെ 
പോലെ പരസ്പരം അറിയാവുന്ന നാട്ടുമ്പുറക്കാരായ , കൂടുതലും ഇടത്തരക്കാരായവർ   വസിക്കുന്ന നാട് . അവിടെ തലമുറകളായി കണിമംഗലം തമ്പുരാക്കന്മാർ നാട് വാണിരുന്ന കാലം തൊട്ടേ ഉണ്ടായിരുന്ന ഒരു തായ് വഴി കുടുംബമായിരുന്നു കല്ല്യാണി മുത്തശ്ശിയുടെ തറവാട് ...


പക്ഷെ കാൽ നൂറ്റാണ്ടിന് മുമ്പ് 
മുതൽ തൃശൂർ പട്ടണം കുറേശ്ശെക്കുറേശെയായി ഞങ്ങളുടെ ഗ്രാമത്തിലേക്ക് അധിനിവേശം നടത്തി തുടങ്ങിയത് മുതൽ ആ ഗ്രാമ്യ ഭംഗികൾ മുഴുവൻ എന്നെന്നേക്കുമായി നഷ്ട്ട പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

അതുപോലെ തന്നെ അമ്പാട്ട് തറവാടും പുരയിടവും ഒന്നും ഇന്നില്ല ,അവിടെയുള്ളത് ഇപ്പോൾ എട്ടും ,പത്തും സെന്റും വീതമുള്ള കൊച്ച്  പ്ലോട്ടുകളിൽ മാളികളും  , കോൺഗ്രീറ്റ് വീടുകളും  കെട്ടി താമസിക്കുന്ന മുല്ലയ്ക്കൽ റെസിഡന്റ് അസോസ്സി യേഷനിൽ ( M.R.A )പെട്ട വിവിധ കുടുബങ്ങളാണ് ...!
 
പ്രിയയുടെ തറവാട്ടു പുരയിടത്തിലെ കിഴക്കെ 

തൊടിയിലുള്ള മൂവാണ്ട മാവിന്റെ തണലിൽ ഓലമടലുകളും ,
ശീമക്കൊന്ന തറികളും വെച്ച് കളി വീടുണ്ടാക്കിയിട്ട് ഒരു ആറാം ക്ലാസ്സുകാരൻ അച്ഛനായും, രണ്ടാം ക്ലാസുകാരി അമ്മയായും , മറ്റ് കളി കൂട്ടുകാർക്കൊത്ത് കുഞ്ഞിക്കഞ്ഞിയും , മണ്ണപ്പവും ചുട്ടുകളിക്കുമ്പോൾ ഒരു സാക്ഷാൽ പ്രണയത്തിന്റെ  ബാലപാഠങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഞങ്ങൾക്കന്നറിയില്ലായിരുന്നു...

അവരുടെ പറമ്പിൽ കാളത്തേക്ക് നടക്കുമ്പോൾ  ഞങ്ങളൊക്കെ കൂടി ആ ആണിച്ചാലിലെ വെള്ളമൊഴുകുമ്പോൾ , അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ  കളി വിളയാട്ടങ്ങളുമൊക്കെ  ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...
അന്നത്തെ കുട്ടിപ്പട്ടാളമൊത്ത് അവരുടെ പത്തായപ്പുരക്കടുത്തുള്ള കുളത്തിൽ ചാടി കുളിക്കുന്നതും ,വാഴപ്പിണ്ടിയിട്ട് അവരെയൊക്കെ നീന്തല് പഠിപ്പിച്ചതും , തിരുവാതിര രാവുകളിലെ നീരാട്ടിന്  കൂട്ടിരിക്കുന്നതും , ആദ്യ ചുംബനവുമൊക്കെയായി മധുരമുള്ള ഇമ്മിണിയിമ്മിണി ഓർമ്മകൾ ഇതുപോലെ മനസ്സിനുള്ളിലേക്ക് ഓളം തള്ളി വരുമ്പോൾ കിട്ടുന്ന നിർവൃതികൾ തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല പ്രണയോപഹാരങ്ങൾ എന്നിപ്പോൾ തോന്നാറുണ്ട് ...

പിന്നീട് കൗമാരം കാലം തൊട്ടേ ആരുടെയും കണ്ണിൽ 
പെടാതെ പകലിന്റെ അന്ത്യയാമങ്ങളിലും ,നിലാവുള്ള 
രാവുകളിലും - എത്രയെത്ര കിന്നാരങ്ങളാണ് ഞാനും പ്രിയയും  
കൂടി ആ മൂവ്വ്വാണ്ടൻ മാവിൻ ചോട്ടിലിരുന്ന് ചൊല്ലിയാടിയിട്ടുള്ളത് ... !

ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും - കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ; ഒരു മാവുയരത്തിൽ എന്നുമെപ്പോഴും ...

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ്  ... ?
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ 
അവിടെയിപ്പോഴും ..? !

അവരുടെ അടുക്കളക്കിണറിനോടനുബന്ധിച്ച കൊട്ടത്തളത്തിൽ  
നിന്നും വെള്ളം കോരി പാത്രങ്ങൾ നിറക്കുന്നതിനടയിൽ ,ചെണ്ട പോലുള്ള മരത്തുടി താളങ്ങൾക്കൊപ്പം എന്തെല്ലാം സല്ലാപങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്...

വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! 


എന്തിന് പറയുവാൻ  സ്നേഹോജ്ജ്വലമായി അലയടിച്ച് ഒഴുകിക്കൊണ്ടിരുന്ന, ഞങ്ങളുടെ അനുരാഗനദിക്ക് കുറുകെ വിഘ്‌നങ്ങളായി  ജാതീയതയായും ,സാമ്പത്തികമായും ,തറവാടിത്ത ഘോഷണങ്ങളായും  അനേകം തടയണകൾ  കെട്ടിപ്പൊക്കിയപ്പോൾ  രണ്ടായി വേറിട്ടൊഴുകേണ്ടതായി  വന്ന പരിണാമഗുപ്തിയാണ്  ഈ കന്നി പ്രണയ നദിക്കന്നുണ്ടായത്  ...!  

പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലോ 
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...

പിന്നീട് എല്ലാം അറിയാവുന്ന എന്റെ മിത്രം,  പ്രിയയുടെ 
മുറച്ചെറുക്കനായ ഹരിദാസ് ,അവരുടെ തറവാടിന്റെ മാനം 
കാക്കുവാൻ ,വീട്ടുകാരുടെ പ്രേരണയാൽ അവളെ വിവാഹം ചെയത് 
 'യു .എ.ഇ' യിലേക്ക് കൊണ്ട് പോയി.

ഞാനാണെങ്കിലോ കുറെ നാൾ നിരാശ കാമുകനായി നടന്ന ശേഷം , 
മറ്റു പല പ്രേമ ലീലകളും കളിച്ച് , ഇക്കഥകളെല്ലാം അറിയാവുന്ന എന്നെ പ്രണയിച്ച ഒരുവൾക്ക് മുമ്പിൽ എന്റെ തലവെച്ചു കൊടുക്കുകയും ചെയ്‌തു...
ആ വിശാല മനസ്‌കയാണിന്ന് , എന്റെ സ്ഥിരം പ്രണയിനി ,സ്വന്തം ഭാര്യ ...!


( കഥകളൊന്നും എഴുതുവാൻ അറിയില്ലെങ്കിലും , ആറുകൊല്ലം മുമ്പ് ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ   എന്ന പേരിൽ ഈ അനുഭവ കഥാവിഷ്‌കാരങ്ങൾ ഞാനിവിടെ കുറിച്ചിട്ടത് വായിച്ച് നോക്കിയാലെ എന്റെ  പ്രഥമാനുരാഗത്തിന്റെ ആഴം തിരിച്ചറിയുകയുള്ളൂ ).

 ശേഷം നാലഞ്ച് കൊല്ലത്തിനിടയിൽ  പ്രിയ - രണ്ട്  പെണ്മക്കളുടെ അമ്മയായി . കല്യാണി മുത്തശ്ശിയുടെ മരണ ശേഷം , പ്രിയയുടെ അമ്മക്കായിരുന്നു ആ തറവാട് വീട് കൈ വന്നത് .ഇതിനിടയിൽ പ്രിയയുടെ അമ്മക്ക് വാത സംബന്ധമായി ചില അസുഖങ്ങൾ വന്നപ്പോൾ അമ്മയെ നോക്കുവാൻ പ്രിയയും കുട്ടികളും നാട്ടിലേക്ക് വരികയും , ഹരി അവളെ  'ടി.ടി.സി' പഠിപ്പിച്ച  ശേഷം ,അടുത്തുള്ള 'എൽ .പി' സ്‌കൂളിൽ കോഴ കൊടുത്ത് അവിടത്തെ ടീച്ചറാക്കുകയും ,  മക്കളെ രണ്ട് പേരെയും 'സെന്റ് : പോൾസ് കോൺവെന്റ് സ്‌കൂളി'ൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. പ്രിയയുമായുള്ള അടുപ്പം പിന്നീടൊക്കെ  , ഹരി 
നാട്ടിലെത്തുമ്പോൾ മാത്രമായി  ഞാൻ ചുരുക്കുകയും ചെയ്തിരുന്നു.

കാലം നിരങ്ങി നീങ്ങുന്നതിനിടയിൽ 
ഞാനും കുടുംബവും ലണ്ടനിൽ വന്നടിഞ്ഞു.
അവരുടെ മക്കൾ കൗമാരത്തിലെത്തിയപ്പോൾ ഹരി 
ഗൾഫ് ഉപേഷിച്ച് വന്ന് ഒരു 'മിനി സൂപ്പർ മാർക്കറ്റ്'  തുടങ്ങി ,ഒരു ചിട്ടിക്കമ്പനിയിൽ ഷെയർ എടുത്തു ...

 പക്ഷെ ഏഴ് കൊല്ലം മുമ്പ് ഹരിയുടെ പിതാവിന്റെ മരണത്തിന്  മാസങ്ങൾക്ക് പിന്നാലെ തന്നെ , മരണം ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വന്നവനെയും കൊണ്ട് പോയി ...
ഭർത്താവിന്റെയും ,മകന്റെയും മരണ ശേഷം , ഹരിയുടെ അമ്മ , തറവാട്ട് ഭാഗം കിട്ടിയ സ്ഥലം വിറ്റ് - പങ്ക് വെച്ച് , മോളുടെ കുടുംബത്തിന്റെ കൂടെ താമസിക്കുവാൻ 'ബറോഡ'യിലേക്ക് പോയി...
 
അമ്മക്ക്  പ്രണയം മുട്ടത്തട്ടെത്തിക്കുവാൻ  പറ്റിയില്ലെങ്കിലും , 
പ്രിയയുടെ രണ്ട് പെണ്മക്കൾക്കും ആയത് സാധിച്ചു. മൂത്തവൾ 
'വെറ്റിനറി'ക്ക് പഠിക്കുമ്പോൾ , ക്ലാസ്മേറ്റായിരുന്ന  ഒരു പഞ്ചാബി പയ്യനുമായി ഗാഢ പ്രണയിത്തിലാകുകുകയും , പിന്നീട്  അവർ വിവാഹിതരായ ശേഷം 'ലുധിയാന'യിൽ അല്ലലില്ലാതെ സകുടുംബം വസിക്കുന്നകയും ചെയ്യുകയാണിപ്പോൾ ...

രണ്ടാമത്തവൾ അവളുടെ എൻജിനിയറിങ് ബിരുദത്തിന് 
ശേഷം മദ്രാസ്സിൽ വെച്ച് ,ഒരു അന്തർദ്ദേശീയ കമ്പനിയുടെ 
ജോലിസ്ഥലത്ത് വെച്ച്  കണ്ട്  മുട്ടിയ സഹപ്രവർത്തകനായ ഒരുപയ്യനുമൊത്ത് അനുരാഗവിലോചനയായി  നടന്ന ശേഷം,
ജാതിയും , മതവുമൊക്കെ മറികടന്ന് , അവർ ഒന്നാവുകയും ചെയ്‌തു...
ഇപ്പോൾ ദുബായിൽ കുടുംബമായി കഴിയുന്ന ഈ യുവമിഥുനങ്ങളുടെ   കടിഞ്ഞൂൽ സന്താനത്തിന്റെ ഒന്നാം പിറന്നാളാണ് ഈ ഫെബ്രുവരി മാസം അവസാനം . ഈ ആഘോഷങ്ങൾക്ക് ശേഷം ഇവർ കുടുംബസമേതം 'ന്യൂസിലാന്റി'ലേക്ക് കുടിയേറുവാൻ പോകുകയാണ് പോലും ...

ഞങ്ങൾ സകുടുംബം ഈ ചടങ്ങിൽ 
പങ്കെടുക്കണമെന്നാണ് ഈ പിള്ളേരുടെ അഭ്യർത്ഥന. 
അവളുടെ അമ്മയായ  പ്രിയ ടീച്ചറും  , ലുധിയാനയിൽ 
നിന്നും മൂത്തമോളും , കുടുംബവും കുറച്ച് ദിവസത്തേക്ക് 
ഈ ചടങ്ങിൽ പങ്കെടുക്കുവാനും , ദുബായ് കാണുവാനുമായി 
ചെല്ലുന്നുണ്ട് . 
ഞങ്ങളുടെ മക്കളുടേയും , എന്റെ ഭാര്യയുടേയും 
സാന്നിദ്ധ്യത്തിൽ - പണ്ടത്തെ ആ പ്രണയ ഭാജനങ്ങൾ ,
ഇനി അവരുടെ ഇപ്പോഴുള്ള ദിവ്യാനുരാഗം എങ്ങിനെ ചിലവഴിക്കും എന്നുള്ള ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് രണ്ട് ഫേമിലിയിലേയും മറ്റ് കഥാപാത്രങ്ങൾ  ഇപ്പോൾ ...!

കുശുമ്പത്തി പാറുവായ എന്റെ ഭാര്യ 
ചിലപ്പോഴൊക്കെ പറയുന്ന പോലെ എനിക്ക് 
ജനിക്കാതെ പോയ മക്കൾ തന്നെയാണല്ലോ അവർ ...!
അതുപോലെ തന്നെയാണ് പ്രിയക്കും എന്റെ മക്കളോടുള്ള 
ആറ്റിറ്റ്യൂഡും ...! 
 ഇപ്പോൾ , തറവാട് പുരയെല്ലാം 
നല്ല  വിലയിൽ വിറ്റിട്ട് , മക്കൾക്കെല്ലാം ഷെയർ കൊടുത്ത ശേഷം ,ഒന്നൊര കൊല്ലമായി , പ്രിയ ടീച്ചർ  ടൗണിനടുത്ത്,  കണ്ണംകുളങ്ങരയിൽ ഒരു ഫ്‌ളാറ്റ് വാങ്ങി , ഏകാന്തപഥികയായി  ജീവിക്കുകയാണ് . ഈ ടീച്ചർക്കിന്ന് കൂട്ടിന് അതീവ കൃഷ്ണഭക്തിക്ക് പുറമെ ധാരാളം രോഗങ്ങളും , കണ്ണീരൊലിപ്പിക്കുന്ന ടി.വി.സീരിയലുകളും മാത്രം ...!

എന്ത് പറയാം എന്റെ ജീവിത തുലാസിൽ 
ലാഭങ്ങളുടെ നിറവിൽ ഒരു തട്ട് നിറഞ്ഞാടുമ്പോഴും , 
ഇത്തിരി മാത്രമുള്ള നഷ്ടങ്ങളായ - കടിഞ്ഞൂൽ പ്രണയം , 
ജന്മനാടിന്റെ മനോഹാരിതകൾ എന്നിങ്ങനെയുള്ള   തട്ട് 
എന്നും താഴ്ന്ന് തന്നെ കിടക്കുകയാണ് ...!  

ഞാനിതൊക്കെ തുറന്നെഴുത്തുന്നത് 
എന്തുകൊണ്ടെന്നാൽ, നമ്മുടെയൊക്കെ 
തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ 
ഉണ്ടായാലും ,ഇല്ലെങ്കിലും  പ്രായഭേദമന്യേ പലരീതിയിലും 
ഒറ്റപ്പെട്ട്  പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ 
ദു:ഖവും , സങ്കടവും വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ 
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ... 
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ  മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും  
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന രണ്ട് മുൻ പ്രണയ കഥകൾ 
  • ഈ കടിഞ്ഞൂൽ പ്രണയ കഥയുടെ  ഒന്നാം ഭാഗം